സങ്കീർത്തനങ്ങൾ - Book of Psalms

 സങ്കീർത്തനങ്ങൾ (Book of Psalms)




ക്രൈസ്തവ ലോകത്തിൽ ഏറ്റവും അധികം ആളുകൾ വായിക്കുന്ന വേദപുസ്തകത്തിലെ പഴയനിയമ പുസ്തകങ്ങളില്‍ ഒന്നാണ് സങ്കീര്‍ത്തനങ്ങള്‍.

ബൈബിളിലെ ക്രമം അനുസരിച്ച്  ഇത് 19-ാം പുസ്തകം ആകുന്നു. ആകെ 150 സങ്കീര്‍ത്തനങ്ങള്‍ ആണ് ഉള്ളതു. നിവര്‍ത്തിയായതും, നിവര്‍ത്തിയാവാന്‍ ഉള്ളതുമായ പ്രവചന വാക്യങ്ങള്‍, ചോദ്യങ്ങൾ, നേര്‍ച്ചകള്‍, കല്പനകള്‍, ദൈവ പ്രവര്‍ത്തികള്‍, ദൈവവചനത്തെ സംബന്ധിച്ച കാര്യങ്ങള്‍, അപേക്ഷകൾ തുടങ്ങിയവയെല്ലാം സങ്കീര്‍ത്തനങ്ങളില്‍ കാണുവാനായി കഴിയും. 

ഈ സങ്കീര്‍ത്തനങ്ങളെ അഞ്ച് പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ പുസ്തകവും ദൈവത്തെ മഹത്വപ്പെടുത്തിയാണ് അവസാനിപ്പിക്കുന്നത്. 

1-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 1 മുതൽ 41 വരെ 

2-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 42 മുതൽ 72 വരെ 

3-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 73 മുതൽ 89 വരെ 

4-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 90 മുതൽ 106 വരെ 

5-ാം പുസ്തകം – സങ്കീര്‍ത്തനങ്ങള്‍ 107 മുതല്‍ 150 വരെ 

ഈ അഞ്ചു പുസ്തകങ്ങളെ ചിലര്‍ മോശെയുടെ ആദ്യ അഞ്ച് പുസ്തകങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. അവ തമ്മില്‍ കുറച്ച് സാദൃശ്യം നമുക്കു കാണുവാനായി സാധിക്കും.

ഏഴിലധികം പേർ  സങ്കീര്‍ത്തനങ്ങള്‍ എഴുതിയതായിനമുക്ക് മനസ്സിലാക്കാം. 70ല്‍ അധികം സങ്കീര്‍ത്തനങ്ങള്‍ എഴുതിയിരിക്കുന്നത് ദാവീദാണ്. ഏതാനും സങ്കീര്‍ത്തനങ്ങള്‍ കോരഹ്പുത്രന്മാരും,  ആസാഫും എഴുതിയിരിക്കുന്നു. ശലോമോന്‍ രണ്ടെണ്ണവും, മോശെ, ഹേമാന്‍, ഏഥാന്‍ എന്നിവര്‍ ഓരോന്നു വീതവും സങ്കീര്‍ത്തനങ്ങള്‍ എഴുതിയിട്ടുണ്ട്. മറ്റുള്ള 50 സങ്കീര്‍ത്തനളുടെ രചയിതാക്കള്‍ അജ്ഞാതരാണ്.

116 സങ്കീര്‍ത്തനങ്ങള്‍ക്ക് തലവാചകങ്ങൾ ഉള്ളതായി കാണാം. മിക്ക സങ്കീര്‍ത്തനങ്ങളിലും എഴുത്തുകാരന്‍ ആരാണെന്നും, എഴുതിയ സാഹചര്യം എന്താണെന്നും, ഏതു സംഗീതപ്രമാണിയാണ് ഈണം നല്‍കിയത് എന്നും വിശദമായി തലവാചകത്തില്‍ നല്‍കിയിരിക്കുന്നു. 

176 വാക്യങ്ങള്‍ അടങ്ങിയിരിക്കുന്ന ബൈബിളിലെ ഏറ്റവും വലിയ അധ്യായം 119-ാം സങ്കീര്‍ത്തനം ആകുന്നു. 

പല സങ്കീര്‍ത്തനങ്ങളിലും നീതിമാന്മാരുടേയും ദുഷ്ടന്മാരുടേയും വിധി താരതമ്യം ചെയ്യുന്നുണ്ട്. ശത്രുവില്‍ നിന്നുള്ള വിടുതലിനായി ദൈവത്തോടുള്ള അപേക്ഷ പല സങ്കീര്‍ത്തനങ്ങളിലും ആവര്‍ത്തിച്ചു കാണുന്ന ഒരു വിഷയമാണ്. 150 സങ്കീര്‍ത്തനങ്ങളില്‍ 72 എണ്ണത്തിലും സങ്കീര്‍ത്തനക്കാരന്റെ ശത്രുവിനെ സംബന്ധിച്ച പരാമര്‍ശങ്ങൾ കാണുവാനായി കഴിയും.

സങ്കീര്‍ത്തനങ്ങളുടെ സ്വരൂപവും വിഷയവും അടിസ്ഥാനമാക്കി സങ്കീർത്തനങ്ങളെ താഴെ പറയുന്ന രീതിയില്‍ വർഗ്ഗീകരിക്കാവുന്നതാണ്: 

1) ഗീതങ്ങൾ: സീയോൻ ഗീതങ്ങൾ 46, 48, 76, 84, 87, 122

സ്ഥാനാരോഹണ ഗീതങ്ങൾ  47, 93, 95 മുതല്‍ 99 വരെ . 

2) വിലാപസങ്കീർത്തനങ്ങൾ: വ്യക്തിഗതവും (3, 5, 6, 7, 14, 17, 22), സാമൂഹികവും (44, 74, 79, 80, 137) 

3) സ്തോത്രസങ്കീർത്തനങ്ങൾ:  10, 30, 31, 40, 66, 103, 107 

4) രാജകീയസങ്കീർത്തനങ്ങൾ: 2, 18, 20, 21, 45, 72, 89, 101, 110, 144. 

5) അനുതാപസങ്കീർത്തനങ്ങൾ:  6, 25, 32, 38, 39, 40, 51, 102, 130 തുടങ്ങിയവ. 

6) മാദ്ധ്യസ്ഥസങ്കീർത്തനങ്ങൾ:  21, 57, 89, 122 മുതലായവ. 

7) മശീഹാ സങ്കീർത്തനങ്ങൾ:  2; 8:4-8; 16:10; 22; 40:6-8; 41:9; 45:6-7; 68:18; 69; 72; 78:2; 89:3-4, 28-29, 34, 36; 91; 102:25-27; 110; 118:22; 132:10-12. 

8) ശാപസങ്കീർത്തനങ്ങൾ: 35, 52, 58, 59, 69, 109, 137, 139 മുതലായവ.  

9) ന്യായപ്രമാണസങ്കീർത്തനങ്ങൾ:  1, 19, 119. 

10) ചരിത്രസങ്കീർത്തനങ്ങൾ: 78, 101, 106.

11) ഹല്ലേലുയ്യാ സങ്കീർത്തനങ്ങൾ: 111 മുതൽ 113 വരെ ; 115 മുതൽ 117 വരെ ; 146 മുതല്‍ 150 വരെ. 

12) ആരോഹണ ഗീതങ്ങൾ: 120 മുതല്‍ 134 വരെ . 

13) എലോഹാസങ്കീർത്തനങ്ങൾ: 42 മുതൽ 83 വരെ 

14)അക്ഷരമാലാസങ്കീർത്തനങ്ങൾ: 9, 10, 25, 34, 37, 111, 112, 119, 145. എന്നിങ്ങനെ ആകുന്നു.

Comments

Popular posts from this blog

Thessalonians Church - തെസ്സലൊനീക്യ സഭ

The sacrifices_യാഗങ്ങൾ