Breath Of Life - Apostle Paul - അപ്പോസ്തലനായ പൗലോസ് എന്നറിയപ്പെടുന്ന ശൗൽ

 അപ്പോസ്തലനായ പൗലോസ് എന്നറിയപ്പെടുന്ന ശൗൽ


തർസോസിൽ ജനിച്ച യെഹൂദാ പൗരനും, ബെന്യാമിൻ ഗോത്രക്കാരനും, ഗമാലിയേലിന്റെ കാൽക്കൽ ഇരുന്നു ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ച്‌ പരീശൻ എന്ന നിലയിൽ എരിവോടെ ഭ്രാന്ത് പിടിച്ചു ക്രിസ്താനികളെ ദണ്ഡിപ്പിച്ച ശൗൽ സ്തെഫനോസിന്റെ കൊലയിലും പ്രധാന പങ്ക് വഹിച്ചു.

             പീഡകനായ ശൗൽ തന്റെ ഓപ്പറേഷൻ ദമസ്കസുമായി നീങ്ങി തുടങ്ങി എന്നാൽ വലിയവനായ കർത്താവു സുര്യനെ വെല്ലുന്ന പ്രകാശമായി ദർശനം നൽകിയപ്പോൾ നസ്രായനായ യേശുവിനു പൂർണമായി തന്റെ ജീവിതം സമർപ്പിച്ചു. ദൈവീക കാഴ്ചപ്പാട് പ്രാപിച്ച്‌  പരിശുദ്ധാത്മാ പൂർണനായി സ്നാനം ഏറ്റ് യേശു തന്നെ ദൈവ പുത്രൻ എന്ന് പ്രസംഗിച്ചു തുടങ്ങി. ധ്യാന നിരതനായി അറേബിയയിൽ കഴിച്ച കാലങ്ങളിൽ ദൈവഹിതം പൂർണമായി തനിക്ക് വെളിപ്പെട്ടു.

            ജനനം മുതൽ തന്നെ വേർതിരിച്ചു ദൈവം തന്റെ പുത്രനെ കുറിച്ചുള്ള സുവിശേഷം ജാതികൾക്കും രാജാക്കന്മാർക്കും ഇസ്രായേൽ  മക്കൾക്കും മുമ്പിൽ വഹിപ്പാൻ തിരഞ്ഞെടുത്ത പാത്രമാകുന്നു എന്നും തന്റെ നാമത്തിനുവേണ്ടി എന്തെല്ലാം കഷ്ടം അനുഭവിക്കേണം എന്നും വെളിപ്പെടുത്തുവാൻ ദൈവം പ്രസാദിച്ചു.

             കൃപയുടെ വചനത്തിലും പരിജ്ഞാനത്തിലും വളർന്ന പൗലോസിന്റെ പ്രാർത്ഥനകൾ പ്രസിദ്ധമാണല്ലോ? സഭകൾക്ക്, കുടുംബങ്ങൾ, വ്യക്തികൾ, സ്വയ ആവശ്യങ്ങൾക്ക് വേണ്ടി തനിയേയും മറ്റുള്ളവരോട് ചേർന്നും പ്രാർത്ഥിക്കുന്ന പൗലോസിനെ സഹോദരന്മാർക്കു വേണ്ടി ചിലവിടുകയും ചിലവായി പോകുകയും ചെയ്യുന്നവനായി കാണുന്നു.  “ഒരു വലിയ പ്രാർത്ഥനാ മനുഷ്യനായി പൗലോസ് മാറി”. 

എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും എന്ന് ഗ്രഹിച്ചു പൗലോസ് സുവിശേഷത്തിനായി തന്റെ ജീവിതം സമർപ്പിച്ചു.

സുവിശേഷത്തെപറ്റി താൻ ഇപ്രകാരം പറഞ്ഞു;

A) സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജ ഇല്ല 

B) സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ടം.


സഭയുടെ മർമ്മം കൃപയാൽ പ്രാപിച്ചു സ്വർഗീയ ദർശനത്തിനു അനുസരണക്കേടു കാണിക്കാതെ പ്രശ്നങ്ങളിലും പ്രീതികൂലങ്ങളിലും കൂടി സുവിശേഷ യാത്രകൾ നടത്തി ദൈവ സഭകൾ സ്ഥാപിതമാകുവാനും മൂപ്പന്മാരെയും ശുശ്രൂഷകന്മാരെയും നിയമിപ്പാൻ ഇടയാകുകയും ചെയ്തു.

മുമ്പേ ദൂഷകനും ഉപദ്രവിയും നിഷ്ടുരനും ആയിരുന്ന പൗലോസിനെ യേശു ക്രിസ്തുവിന്റെ ദാസൻ, ആത്മാവിൽ ആരാധിക്കുന്നവൻ, കർത്താവിന്റെ ക്രൂശിലും തന്റെ ബലഹീനതയിലും പ്രശംസിക്കുന്നവൻ, ജഡത്തിലെ ശൂലം തന്നെ വേദനിപ്പിക്കുമ്പോഴും ദൈവ കൃപയിലും ശക്തിയിലും ബലപ്പെട്ടവൻ, സഹവിശ്വാസികൾക്കു വേണ്ടി പ്രാണനും കൂടി വെച്ച് കൊടുക്കുവാൻ ഒരുക്കമുള്ളവൻ എന്നീ നിലകളിൽ ദൈവകൃപ പ്രാപിച്ചവനായി കാണുന്നു.

പൗലോസിന്റെ പോരിന്റെ ആയുധങ്ങൾ ജഡീകമായിരുന്നില്ല. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല കഷ്ടം സഹിപ്പാനും വരം ലഭിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് പൗലോസിന് ഉണ്ടായി. ഘനവും ഊറ്റവും ഉള്ള ലേഖനങ്ങൾ മൂലം ദൈവ നാമം മഹത്വപ്പെട്ടു.

               ഭൂമിയിൽ ഉള്ളത് അല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പീൻ എന്ന് ഓർപ്പിച്ച് കൃപാ വരങ്ങൾ ജ്വലിപ്പിക്കുവാൻ വിശ്വാസികളെ ഉത്സാഹിപ്പിച്ചു. പടിപടിയായി ആത്മീകമായി വളർന്നു തന്നെപറ്റിയുള്ള  കാഴ്ചപ്പാടുകൾ മാറിയ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക;

a - "ഞാൻ ആകുന്നത് ദൈവകൃപയിൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്തമായതുമില്ല" ( 1 കൊരി 15:10 ) 

b - "ക്രിസ്തുയേശു രക്ഷിച്ച പാപികളിൽ ഞാൻ ഒന്നാമൻ"

c - "ഞാൻ സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ" (എഫെ 3:8 )

d - "അപ്പോസ്തലന്മാരിലും ഞാൻ ഏറ്റവും ചെറിയവൻ" 

അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ എന്ന് വിലപിക്കുമ്പോൾ വിശുദ്ധൻ എങ്കിലും തന്റെ ജഡത്തിന്റെ അവസ്ഥ ദൈവീക പരിജ്ഞാനത്തിൽ ഗ്രഹിച്ഛ് ക്രിതുയേശുവിൽ നാൾതോറും ജയോത്സവമായി നടന്നു ശീലിച്ച പൗലോസ് തന്റെ ആത്മീക പക്വത ഈ ആഗ്രഹത്തിൽ കൂടെ പ്രകടമാക്കുന്നു "നിങ്ങളെല്ലാവരും എന്നെ അനുകരിപ്പിൻ"

വിശ്വസ്തതയോടെ അവസാനംവരെ വീറോടെ പൊരുതി ദൈവ സന്നിധിയിൽ പ്രത്യാശയോടെ ഈ വിശ്വാസവീരൻ ഇപ്രകാരം പറഞ്ഞു "ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു"

ഇങ്ങനെ പറയുവാന്‍  നമുക്ക് കഴിയുമോ?

ദൈവകൃപയിലും പരിജ്ഞാനത്തിലും വളർന്നു തന്റെ പ്രാണപ്രിയനു വേണ്ടി ജീവിതം പൂർണമായി അർപ്പിച്ച പൗലോസ് നമുക്ക് നല്ലൊരു മാതൃക ആണ്. വ്യക്തി ജീവിതത്തിൽ പൗലോസിനെ പോലെ ദൈവകൃപയിൽ വളർന്നുകൊണ്ട് ഈ ആയുസ്സിൽ ദൈവനാമം മഹത്വത്തിനായി ജീവിക്കാൻ നമുക്ക് ആഗ്രഹിക്കാം. സർവ്വ കൃപാലുവായ ആയ ദൈവം അതിനു നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ!


Comments

Popular posts from this blog

Thessalonians Church - തെസ്സലൊനീക്യ സഭ

The sacrifices_യാഗങ്ങൾ

സങ്കീർത്തനങ്ങൾ - Book of Psalms