Breath of Life - Aquila and Priscilla - അക്വീല്ലാ, പ്രിസ്കില്ല

 



കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ആ കുടുംബം ദൈവകൃപ വ്യാപാരിച്ച് പരിജ്ഞാനത്തിൽ വളർന്ന്‌ ദൈവനാമ മഹ്വത്തതിനായി  നിലനിൽക്കുന്നു എങ്കിൽ എത്രയോ മനോഹരം.

യെഹൂദനായ അക്വീല്ലാ, പ്രിസ്കില്ല കുടുംബത്തെ നമുക്ക് പരിചയപ്പെടാം. ഇറ്റലിയിൽ നിന്നും കൊരിന്ത്യയിൽ എത്തിയ ഈ ദമ്പതികൾ കൂടാരപണി ചെയ്തു അവിടെ തുടർന്നു.

ദൈവീക പരിപാടി അനുസരിച്ച് സമാന തൊഴിൽ ചെയ്യുന്നവനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് അവിടെയെത്തി. കൃപയുടെ ശുശ്രൂഷകനായ പൗലോസിനെ അവരോടുകൂടെ താമസിപ്പിച്ച് കൂടാരപ്പണിയും സുവിശേഷവേലയും ഒരുപോലെ മുമ്പോട്ട്‌ നീക്കി.


ദൈവാനുഗ്രഹത്താൽ ഈ കുടുംബത്തിൽ തന്നെ ആദ്യ കൊരിന്ത്യ സഭാകൂടിവരവ് തുടങ്ങുവാൻ ഇടയായി. ഒന്നര വർഷത്തോളം ഒരുമിച്ച് പാർത്ത പൗലോസിൽ നിന്ന് ആഴമായ ദൈവീക സത്യങ്ങളും ഉപദേശ വിഷയങ്ങളും പൂർണ്ണമായി പഠിക്കുവാൻ ഈ കുടുംബത്തിന് സാധിച്ചു. എഫെസൊസിലേക്ക് പോയ പൗലോസിനെ അനുഗമിച്ച ഇവർ അവിടെ താമസമാക്കി. അവിടെയും ഒരു സഭാകൂടിവരവ് ഭവനത്തിൽ തുടങ്ങുവാൻ ഇടയായി ( 1 കൊരി 16:9 ). അങ്ങനെ പോകുന്നിടത്ത്‌,  പാർക്കുന്നിടത്തൊക്കെയും സഭാകൂടിവരവുകൾ ഉണ്ടായി. ഇത് ശ്ലാഘനീയമായ വിഷയം തന്നെ... എന്തൊരുത്സാഹം!!!

കർത്താവായ യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാന വിഷയങ്ങളും, ആത്മനിറവ്‌, യെഹൂദനോടും ജാതിയോടും ബന്ധത്തിലുള്ള ദൈവീക പരിപാടി, സഭയുടെ മർമ്മം എന്നിവയെക്കുറിച്ഛ് തിരുവെഴുത്തിൻ സാമർത്യവും വാക്ക് വൈഭവും ഉള്ള അപ്പല്ലോസിനെ ഈ കുടുംബം പൗലോസിൽ നിന്ന് പഠിച്ച സർവ്വ ദൈവീക സത്യങ്ങളും മർമ്മങ്ങളും പഠിപ്പിച്ച് ക്രിസ്തിയ വിശ്വാസത്തിൽ പണിതുയർത്തി. ഈ ലഭിച്ച അഭ്യസനം മൂലമാണ് അപ്പല്ലോസിനു തുടർന്നുള്ള ശുശ്രൂഷയിൽ യെഹൂദന്മാരോടും മറ്റുള്ളവരോടും വചന സംബന്ധമായ തർക്ക വിഷയങ്ങളിൽ ധൈര്യസമ്മേതം പ്രതിവാദം ചെയ്യുവാൻ കഴിഞ്ഞത് (അപ്പൊ 18 : 24, 25).


ദൈവസ്നേഹത്തിന്റെയും ആഥിത്യമര്യാദയുടെയും പ്രതീകങ്ങളായി ഇവർ നിലകൊള്ളുന്നു. കർത്താവിനുവേണ്ടി എന്തും ചെയ്യുവാനും ദൈവീക പരിജ്ഞാനത്തിൽ വളരുവാനും അവർ വളരെ പ്രയത്നിച്ചു. മറ്റുള്ളവരെ വിശ്വാസത്തിൽ ഉറപ്പിപ്പാൻ അവരാൽ ആവതു ചെയ്തു. പൗലോസിന്റെ അഭാവത്തിലും സഭാശുശ്രൂഷകനായ തിമത്തിയോസിനോടും ശുശ്രൂഷകന്മാരോടും എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുകയും ശുശ്രൂഷകളിൽ പങ്ക് വഹിക്കുകയും ചെയ്തു ( 2 തിമോ 4:19 ).

കർത്താവിനെ കണ്ട നാൾ മുതൽ അവർ ഒരുമിച്ച് ദൈവവചനം വായിക്കുകയും, പഠിക്കുകയും, വളരുകയും ചെയ്തു. കരുണയും കരുതലും ഉത്സാഹവും നിറഞ്ഞ ഈ ദമ്പതികൾ ചെയ്തതൊക്കെയും അവരുടെ പ്രശംസക്കായിട്ടല്ല സഹവിശ്വാസികളുടെ ആത്മീക വളർച്ചക്കായി മാത്രം ചെയ്തു. ഇരുവരെയും എല്ലാ തലങ്ങളിലും എല്ലായിപ്പോഴും ആത്മഫലം നിറഞ്ഞവരായി നാം കാണുന്നു. ആ സ്നേഹത്താൽ നിറഞ്ഞു ഭീതിയെന്യേ കർത്താവിന്റെ    ദാസനായ പൗലോസിന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തുവെച്ച് കൊടുത്തവരാണ് ഈ ദമ്പതികൾ (റോമ 16:3-5).


ഇങ്ങനെയുള്ള ദൈവകൃപയിലും പരിജ്ഞാനത്തിലും വളർന്ന കുടുംബങ്ങളെയാണ് ഇന്ന് നമ്മൾക്ക്  ആവശ്യം. അനന്യയാസും സഫീരയും എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രമല്ല ദൈവകൃപയിൽ ജീവിച്ച്, പരിജ്ഞാനത്തിൽ വളർന്ന അക്വീല്ലാസിന്റെയും പ്രിസ്കില്ലയുടെയും പേരുകൾ കേൾക്കുമ്പോൾ ഉയർന്നുവരിക. ഈ കുടുംബത്തെപോലെ കർത്താവിനായി ജീവിപ്പാനും പ്രവർത്തിക്കാനും ഉത്സാഹത്തോടെ വാഞ്ചിക്കാം .

ദൈവനാമം മഹത്വപ്പെടുമാറാകട്ടെ!!!

Comments

Popular posts from this blog

Thessalonians Church - തെസ്സലൊനീക്യ സഭ

The sacrifices_യാഗങ്ങൾ

സങ്കീർത്തനങ്ങൾ - Book of Psalms